കണ്ണൂർ: സമാധാനത്തിനും അഹിംസയ്ക്കുമുള്ള ആഹ്വാനവുമായി ഒക്ടോബർ 2ന് കോസ്റ്ററിക്കയിൽ നിന്നുള്ള ലോക മാർച്ച് സംഘാംഗങ്ങൾ കേരളത്തിലെ കണ്ണൂരിൽ എത്തി. കണ്ണൂർ നഗരസഭ, സർവകലാശാല, മഹാത്മാ മന്ദിരം എന്നിവയിൽ പരിപാടി സംഘടിപ്പിച്ചു.

 

മഹാത്മാ മന്ദിരത്തിൽ സ്വീകരണം
കണ്ണൂർ ജില്ലാ ഗാന്ധി സെൻ്റിനറി മെമ്മോറിയൽ സൊസൈറ്റിയുടെ ജനറൽ സെക്രട്ടറി സി. സുനിൽ കുമാർ, വൈസ് പ്രസിഡന്റ് രാജൻ തീയ്യരെത്ത്, മറ്റ് ഭരണ സമിതി അംഗങ്ങൾ, വേൾഡ് മാർച്ച് ലീഡർ റാഫേൽ ഡി ലാ റൂബിയേയും സംഘത്തെയും മഹാത്മാ മന്ദിരത്തിൽ സ്വീകരിച്ചു. മഹാത്മാ ഗാന്ധിയുടെ പ്രതിമയ്ക്ക് മുന്നിൽ പുഷ്പചക്രം അർപ്പിച്ച ശേഷം, അവർ മന്ദിരത്തിൽ പ്രവേശിച്ചു. ലോകാരാധ്യനായ മഹാത്മാ ഗാന്ധിയുടെ നാമധേയത്തിൽ ഉള്ള പ്രധാന കേന്ദ്രമായ മഹാത്മാ മന്ദിരം സന്ദർശിക്കാൻ കഴിഞ്ഞതിൽ സംഘാംഗങ്ങൾ സന്തോഷം പ്രകടിപ്പിച്ചു.

നഗരസഭയുടെ സ്വീകരണം
നഗരസഭ നൽകിയ പൗരസ്വീകരണത്തിൽ, മേയർ മുസ്ലിഹ് മഠത്തിൽ അധ്യക്ഷനായിരുന്നു. സ്റ്റാൻഡിങ്ങ് കമ്മിറ്റിയുടെ ചെയർമാൻമാരായ സുരേഷ് ബാബു എളയാവൂർ, ഷമീമ ടീച്ചർ, ഷാഹിന മൊയ്തിൻ, സെക്രട്ടറി ടി.ജി അജേഷ്, അഡീഷണൽ സെക്രട്ടറി ജയകുമാർ എന്നിവർ പ്രസംഗിച്ചു. “എല്ലാ മനുഷ്യരും ഒരുപോലെ മനുഷ്യരാണ്. സമാധാനത്തിലും അഹിംസയിലും അധിഷ്ഠിതമായ ഒരു വിശ്വ സംസ്കാരം വളർത്തിയെടുക്കേണ്ടതുണ്ട്” എന്നത് സ്വീകരണത്തിൽ ഉയർത്തിയ പ്രധാന പ്രസ്താവനയായിരുന്നു.


വേൾഡ് മാർച്ച് ലീഡർ റാഫേൽ ഡി ലാ റൂബിയ, സമൂഹത്തിലെ സ്ത്രീകളുടെ പങ്കാളിത്തം ഗൗരവമായി പരാമർശിക്കുകയും, “യൂറോപ്പിലും അമേരിക്കയിലും സ്ത്രീകളുടെ പങ്കാളിത്തം സാമൂഹ്യ വിഷയങ്ങളിൽ വളരെ കൂടുതലാണ്. എന്നാൽ, ഇവിടെ സ്ത്രീകൾ ഭൂരിപക്ഷം വ്യക്തിപരവും കുടുംബപരവുമായ കാര്യങ്ങൾ കൈകാര്യം ചെയ്യുകയാണ്. അവർ പരസ്യമായി സാമൂഹിക ബാധ്യതകൾ ഏറ്റെടുക്കുന്നതിലൂടെ, സമഗ്രമായ യുദ്ധവും അക്രമങ്ങളും മാറി സമാധാനത്തിലേക്ക് നയിക്കാവുന്നതാണ്” എന്നും അഭിപ്രായപ്പെട്ടു.

സർവകലാശാലയിൽ സ്വീകരണം
കണ്ണൂർ സർവകലാശാലയിൽ, വൈസ് ചാൻസിലർ പ്രൊഫ (ഡോ:) കെ. കെ. സാജുവുo, മുതിർന്ന ഉദ്യോഗസ്ഥർ എന്നിവർ വേൾഡ് മാർച്ച് സംഘത്തെ സ്വീകരിച്ചു. “സമാധാനവും അഹിംസയും നിലനിര്‍ത്താൻ ‘സീറോ വയലൻസ് മൈൻഡ് സെറ്റ്’ പരിശീലനം” എന്ന വിഷയത്തിൽ ചർച്ച നടന്നു.

വേൾഡ് മാർച്ച് സമാധാനത്തിനും അഹിംസയ്ക്കും വേണ്ടി ‘യുദ്ധമില്ലാതെ ഒരു ലോകം, അക്രമമില്ലാത്ത സമൂഹം’ എന്ന ആശയം മുന്നോട്ടുവയ്ക്കുന്നു. ഈ ലക്ഷ്യം സാക്ഷാത്കരിക്കാനുള്ള ശ്രമങ്ങൾക്കായി പരിശീലനങ്ങൾ, വിദ്യാഭ്യാസം, ജനതയുടെ സഹകരണവും ഇവ അനിവാര്യമാണെന്ന് വ്യക്തമാക്കുന്നു. സ്കൂളുകളിലും സർവകലാശാലകളിലും ‘സമാധാനത്തെക്കുറിച്ചുള്ള പഠനം’ ആരംഭിക്കേണ്ടതിന്റെ പ്രാധാന്യവും ഈ സന്ദർഭത്തിൽ ചർച്ച ചെയ്യപ്പെട്ടു.

പങ്കെടുത്തവർ
എല്ലാ സ്വീകരണ കേന്ദ്രങ്ങളിലും ടീം ലീഡർ റാഫേൽ ഡി ലാ റൂബിയ, ഡിയാഗോ മൊണ്ടൽബാൻ, മിസ്സ് തുളസി മായ സിഗ്ദേൽ, മിസ്സ് ഉത്സഹ അദിക്കാരി, അഡ്വ. എ. മെയ്യപ്പൻ, ബി.എസ്. ഭാസി എന്നിവർ പ്രസംഗിച്ചു . ജില്ലാ പ്രൊമോഷൻ ടീം പ്രവർത്തകരായ കെ. പി. രവീന്ദ്രൻ, ടി. പി. ആർ. നാഥ്, പ്രദീപൻ മഠത്തിൽ, പി.കെ. പ്രേമരാജൻ, പി. സതീഷ് കുമാർ, മോഹനൻ പൊന്നമ്പത്ത്, രഞ്ജിത് സിർക്കാർ, ആർടിസ്റ്റ് ശശികല, ഡോ. വിജയൻ ചാലോട് തുടങ്ങിയവർ വേൾഡ് മാർച്ച് സംഘത്തെ അനുഗമിച്ചു.

സമുദായത്തെ ഉൾക്കൊള്ളിക്കുന്ന, സ്ത്രീകളുടെ പങ്കാളിത്തത്തെ പ്രോത്സാഹിപ്പിക്കുന്ന, പുതിയ സാംസ്കാരിക ലക്ഷ്യത്തിലേക്ക് നമ്മുടെ സമൂഹത്തെ നയിക്കുന്ന പ്രയത്‌നങ്ങളിൽ ആഴത്തിൽ എങ്ങനെ പ്രവർത്തിക്കാമെന്ന ആശയങ്ങൾ ഇവിടെ പങ്കുവയ്ക്കുന്നു.