കണ്ണൂർ: അക്രമരഹിത സംസ്കാരത്തിനും ലോക സമാധാനത്തിനുമായി ശക്തമായ ജനസമ്മർദ്ദം ഉയരേണ്ടതുണ്ടെന്നും ഓരോ വ്യക്തിയും സമാധാനത്തിൻ്റെ പ്രചാരകരും പ്രയോക്താക്കളുമാകണമെന്നും വേൾഡ് മാർച്ച് കോർഡിനേറ്റർ റാഫേൽ ഡി ലാ റൂബിയ അഭിപ്രായപ്പെട്ടു. ലോക സമാധാനത്തിനും അഹിംസക്കും വേണ്ടി നടക്കുന്ന മൂന്നാമത് വേൾഡ് മാർച്ച് സംഘത്തിന് കണ്ണൂരിൽ നൽകിയ സ്വീകരണത്തിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം.
“സമാധാനത്തിനായി രൂപംകൊടുത്ത ഐക്യരാഷ്ട്ര സംഘടന ഇന്ന് ലോകത്തെ വൻകിട രാഷ്ട്രങ്ങളുടെ സ്വാധീനത്തിലാണുള്ളത്. ഇത്തരമൊരു സാഹചര്യത്തിൽ ജനങ്ങളിൽ നിന്നുള്ള ശക്തമായ സമാധാന ആവശ്യം ഉയർന്നു വരേണ്ടത് അനിവാര്യമാണ്,” അദ്ദേഹം ചൂണ്ടിക്കാട്ടി.
സമൂഹത്തിൽ ശാരീരിക, സാമ്പത്തിക, മതപര, ധാർമിക അക്രമങ്ങളും സ്ത്രീകൾക്കെതിരായ അക്രമങ്ങളും വർദ്ധിച്ചു വരുന്ന സാഹചര്യത്തിൽ, അക്രമം ഒരു പകർച്ചവ്യാധിപോലെ സമൂഹത്തിൽ വ്യാപിക്കുന്നു എന്നും അദ്ദേഹം ആശങ്ക അറിയിച്ചു. ഇത്തരമൊരു വെല്ലുവിളി നേരിടുന്നതിനായി സർവ്വകലാശാലകളും വിദ്യാർത്ഥികളും സമാധാന പ്രചാരകരാകണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.
ചടങ്ങിൽ, ചിത്രരചനാ മത്സരവും ഡിജിറ്റൽ കലാ മത്സരവുമടക്കമുള്ള മത്സരങ്ങളിൽ ഒന്നാം, രണ്ടാം, മൂന്നാം സ്ഥാനങ്ങൾ എൽ.പി., യു.പി., ഹൈസ്കൂൾ, ഹയർ സെക്കന്ററി വിഭാഗങ്ങളിലെ വിദ്യാർത്ഥികൾക്കായി വേൾഡ് മാർച്ച് സംഘവും ബിഷപ്പ് ഡോ. അലക്സ് വടക്കുംതലയും ചേർന്ന് വിതരണം ചെയ്തു. വിജയികൾക്കുള്ള ബഹുമതികൾക്ക് പുറമേ, കലാ മത്സരങ്ങളിൽ പങ്കെടുത്ത എല്ലാ വിദ്യാർത്ഥികൾക്കും സർട്ടിഫിക്കറ്റുകൾ നൽകി. സമാധാന സന്ദേശം സമൂഹത്തിൽ വ്യാപിപ്പിക്കുന്നതിനായി ഈ ബഹുമതികൾ പ്രോത്സാഹനമായി.
ഈ പരിപാടിയുമായി ലോകസമാധാനത്തിനായി പ്രവർത്തിക്കുന്ന വിവിധ സംഘടനകളും കോളേജുകളും സജീവമായി സഹകരിച്ചു.
സഹകരിച്ച ചില പ്രധാന സംഘടനകൾ: വേൾഡ് വിത്തൗട്ട് വാർസ് ആൻഡ് വൈലൻസ്, ദി കമ്മ്യൂണിറ്റി ഫോർ ഹ്യൂമൻ ഡവലപ്മെന്റ്, ഏകതാ പരിഷത്, മഹാത്മാ മന്ദിരം – കണ്ണൂർ, കേരള സർവോദയ മണ്ഡലം, ബഹായി സെന്റർ – കണ്ണൂർ, പീപ്പിൾസ് മൂവ്മെന്റ് ഫോർ പീസ്, എ.പി.ജെ. അബ്ദുൽ കലാം മെമ്മോറിയൽ പബ്ലിക് ലൈബ്രറി, ജയ് ഹിന്ദ് സ്പോർട്സ് ക്ലബ്, കൺവർജൻസ് ഓഫ് കൾച്ചർ, ഹ്യൂമനിസ്റ്റ് പാർട്ടി ഇന്റർനാഷണൽ, വേൾഡ് സെന്റർ ഫോർ ഹ്യൂമനിസ്റ്റ് സ്റ്റഡീസ്.
സഹകരിച്ച കോളേജുകൾ: നിർമലഗിരി കോളേജ് – കൂത്തുപറമ്പ്, മാടായി കോ-ഓപ്പറേറ്റീവ് ആർട്സ് ആൻഡ് സയൻസ് കോളേജ്, നഹർ ആർട്സ് ആൻഡ് സയൻസ് കോളേജ് – കാഞ്ഞിരോട്, സർ സയ്യിദ് കോളേജ് – തളിപ്പറമ്പ, കോളേജ് ഓഫ് കോമേഴ്സ് – കണ്ണൂർ, സർ സയ്യിദ് ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ടെക്നിക്കൽ സ്റ്റഡീസ് – തളിപ്പറമ്പ, ജാമിയ ഹംദാർദ് യൂനിവേഴ്സിറ്റി – കണ്ണൂർ ക്യാമ്പസ്, എസ്. എൻ. കോളേജ് – കണ്ണൂർ, ശ്രീ നാരായണ കോളേജ് ഓഫ് അഡ്വാൻസ്ഡ് സ്റ്റഡീസ് – തോട്ടട, കെ.എൻ.എം. ഗവ. വിമൻസ് കോളേജ്, നളന്ദ കോളേജ് – ഏച്ചൂർ.
സമ്മേളനം കണ്ണൂർ ബിഷപ്പ് ഡോ. അലക്സ് വടക്കുംതല ഉൽഘാടനം ചെയ്തു. കെ.പി. രവീന്ദ്രൻ അധ്യക്ഷത വഹിച്ചു. പി.കെ. പ്രേമരാജൻ, ടി.പി.ആർ. നാഥ്, അഡ്വ. മെയ്യപ്പൻ, തുളസി എന്നിവർ പ്രസംഗിച്ചു. മഠത്തിൽ പ്രദീപൻ സ്വാഗതവും പി. സതീഷ് നന്ദിയും പറഞ്ഞു.