പ്രശസ്ത ഹുമനിസ്റ്റ് ചിന്തകനായ സിലോ രചിച്ച “ഭൂമി മാനവീകരണത്തിലേക്ക് ” ( To humanize the Earth “) എന്ന പുസ്തകം മാനവരാശിക്ക് ഒരു മുതൽക്കൂട്ടാണന്ന കാര്യത്തിൽ തർക്കമുണ്ടാവുകയില്ല. വിവിധ കാലഘട്ടങ്ങളിൽ അദ്ദേഹം രചിച്ച മൂന്ന് ഗ്രന്ഥങ്ങളുടെ സമാഹാരമാണിത്. “അന്തർ വീക്ഷണം “(Inner Look), “ആന്തരിക ദൃശ്യം” (Internal Landscape), “മാനവ ദൃശ്യം” (Human Landscape) എന്നീ മൂന്ന് ഭാഗങ്ങൾ ചേർന്നതാണ് ഭൂമി മാനവികരണത്തിലേക്ക് എന്ന പുസ്തകം. കാവ്യാത്മകമായ ഗദ്യ രൂപത്തിൽ എഴുതപ്പെട്ടതാണ് മൂന്ന് ഗ്രന്ഥങ്ങളും.
“ആന്തരികവീക്ഷണം ” (innerLook ) എന്ന ഒന്നാം ഭാഗത്ത് ജീവിതത്തിൻ്റെ അർത്ഥത്തെ കുറിച്ച് പ്രതിപാദിക്കുന്നു. ജീവിതത്തിൽ ഒരാൾക്കുണ്ടാവുന്ന വൈരുദ്ധ്യങ്ങ (Contradiction) ളാണ് മാനസിക ദുരിതത്തിന് കാരണമെന്നും വൈരുദ്ധ്യരഹിതമായ കർമ്മങ്ങളിലൂടെ ഒരു മനുഷ്യന് മാനസിക ദുരിതങ്ങളിൽ നിന്നും മോചിതനാവാൻ കഴിയുമെന്നും വിശദീകരിക്കുന്നു.
ചിന്തയും വാക്കും പ്രവൃത്തിയും വിരുദ്ധ ദിശകളിലാവുന്നതാണ്  വ്യക്തി ജീവിതത്തിലെ ദുരിതങ്ങൾക്ക് കാരണം
Inner Look എന്ന ഒന്നാം ഭാഗത്ത് 20 അധ്യായങ്ങളുണ്ട്. പതിമൂന്നാം അധ്യായത്തിൽ ഓരോ വ്യക്തിയും ജീവിതത്തിൽ അനുവർത്തിക്കേണ്ട ആന്തരിക ഐക്യത്തിൻ്റെതായ പന്ത്രണ്ട് തത്വങ്ങൾ വിശദീകരിക്കുന്നുണ്ട്. “മറ്റുള്ളവർ നിങ്ങളോട് എങ്ങനെ പെരുമാറണമെന്ന് നിങ്ങൾ ആഗ്രഹിക്കുന്നുവോ അതുപോലെ നിങ്ങൾ മറ്റുള്ളവരോട് പെരുമാറുമ്പോൾ നിങ്ങൾ സ്വയം മോചിതനാകുന്നു” എന്ന തത്വം മനുഷ്യർ തമ്മിൽ ഉണ്ടാവേണ്ട പെരുമാറ്റ സംഹിതയെ സൂചിപ്പിക്കുന്നു. സിലൊ നിർദ്ദേശിക്കുന്ന തത്വചിന്തയുടെ അടിസ്ഥാനവും ഈ തത്വം തന്നെയാണെന്ന് കാണാം.
“ആന്തരിക  ദൃശ്യം” (Internal Landscape) എന്ന രണ്ടാം ഭാഗം എല്ലാ മനുഷ്യനിലും അതോടൊപ്പം സാമൂഹ്യ ജീവിതത്തിലുമുള്ള ശൂന്യതാവാദത്തിനെതിരായ സമരത്തിൻ്റെ അടിസ്ഥാനത്തിൽ മനുഷ്യ ജീവിതത്തിൻ്റെ അർത്ഥത്തെ കുറിച്ച് പ്രതിപാദിക്കുന്നു. ഓരോ വ്യക്തിയും അവൻ്റെ / അവളുടെ ജീവിതത്തെ ഭൂമിയുടെ മാനവീകരണത്തിനായുള്ള പ്രയത്നത്തിൽ സേവനത്തിനും സമരോത്സുകതയിലും പരിവർത്തനം ചെയ്യാൻ ആഹ്വാനം ചെയ്യുന്നു.
ജീവിതത്തിൻ്റെ ലക്ഷ്യം ഭൂമിയുടെ മാനവീകരണമാണെന്ന് സിലോ വിശദീകരിക്കുന്നു. വേദനയും ദുരിതവും ഇല്ലാതാക്കുക, അനന്തമായി അറിവ് നേടുക, നാം നിർമ്മിച്ച യാഥാർത്ഥ്യത്തെ സ്നേഹിക്കുക എന്നിവയാണ് ഭൂമിയുടെ മാനവീകരണമെന്ന് സിലൊ വിശദമാക്കുന്നു.
“മാനവ ദൃശ്യം” (Human Landscape) എന്ന മൂന്നാം ഭാഗം നിലവിലുള്ള ലോകത്തെ വീക്ഷിക്കുകയും സ്ഥാപനവൽക്കരിക്കപ്പെട്ട മൂല്യങ്ങളെ ആസ്വദിക്കുകയും ചെയ്യുന്ന രീതികളെ ചോദ്യം ചെയ്യുകയാണ്.
വിദ്യാഭ്യാസം,ചരിത്രം, ആശയ സംഹിതകൾ, അക്രമം, നിയമം, രാഷ്ട്രം, മതം എന്നിവയെ മാനുഷികമായ വീക്ഷണകോണിൽ കാണുന്നതിന് പ്രേരിപ്പിക്കുന്നു.
ഇന്ന് നാം അംഗീകരിക്കപ്പെട്ട മൂല്യങ്ങളെയും, സ്ഥാപനങ്ങളെ സംബന്ധിച്ചുള്ള പുതിയ അർത്ഥവും വ്യാഖ്യാനങ്ങളും നൽകി കൊണ്ട് ലോകത്തിൽ പ്രവർത്തിക്കേണ്ടതിൻ്റെ അടിസ്ഥാനം നൽകുന്നതിനാണ് മാനവദൃശ്യം ശ്രമിക്കുന്നത്.

“Namer of thousand names, maker of meanings, transformer of the world. Your parents, and the parents of your parents Continue in you. You are not a fallen meteor, but a brilliant Comet that flies towards the sky. You are the meaning of the world. When you clarify your meaning, you illuminate the earth. When you lose your meaning the earth becomes darkened and the abyss opens.”

ഹുമനിസ്റ്റ് ചിന്തകനും എഴുത്തുകാരനുമായ സിലൊ യുടെ “ഭൂമിയുടെ മാനവീകരണം ” എന്ന പുസ്തകത്തിലെ വരികളാണിവ. മനുഷ്യനെ കുറിച്ചുള്ള ഉദാത്തമായ ഒരു കാഴ്ചപ്പാടാണ് സിലൊ മുന്നോട്ട് വയ്ക്കുന്നത്.ഈ ഭൂമിയിലെ എല്ലാ വസ്തുക്കൾക്കും നാമവും അർത്ഥവും നൽകിയത് മനുഷ്യനാണ്. ഈ ലോകത്തിൻ്റെ പരിഷ് കർത്താവാണ് മനുഷ്യൻ.സ്വയം മാറുന്നതോടൊപ്പം ഈ ലോകത്തെ മാറ്റുന്നതിനും മനുഷ്യൻ പ്രവർത്തിക്കുന്നു. ഭൂമിയിലെ മറ്റൊരു ജീവജാലങ്ങൾക്കും ഇല്ലാത്തതാണ് ലോകത്തെ മാറ്റാനുള്ള പ്രവർത്തനം. ഭൂമിയിലെ ഒരു വ്യക്തിയും ആ വർഗ്ഗത്തിലെ ആദ്യ വ്യക്തിയല്ല. മുൻപ് ജീവിച്ചവരുടെ ഒരു തുടർച്ചയാണ്.

മനുഷ്യൻ ഈ ലോകത്തിൻ്റെ അർത്ഥമാണന്ന് സിലൊ വിശദീകരിക്കുന്നു. ഓരോ വ്യക്തിയും അയാളുടെ ജീവിതത്തിൻ്റെ അർത്ഥം ഗ്രഹിക്കുമ്പോൾ അയാൾ ഈ ലോകത്തെ പ്രകാശപൂരിതമാക്കുന്നു. എന്നാൽ ഓരോ മനുഷ്യനും അയാളുടെ ജീവിതത്തിൻ്റെ അർത്ഥം തിരിച്ചറിയുന്നില്ലെങ്കിൽ ഈ ലോകത്തിൻ്റെ പ്രകാശം നഷ്ടപ്പെട്ടു പോകുമെന്നും ലോകത്ത് വലിയ അന്ധകാരം സൃഷ്ടിക്കപ്പെടുമെന്നും സിലൊ പറയുന്നു. എന്താണ് നിങ്ങളുടെ ജീവിതത്തിൻ്റെ അർത്ഥമെന്ന് സിലൊ വിശദീകരിക്കുന്നുണ്ട്. തൻ്റെയും മറ്റുള്ളവരുടെയും വേദനയും ദുരിതവും ഇല്ലായ്മ ചെയ്യാനുള്ള പ്രവർത്തനമായിരിക്കണം ഒരാളുടെ ജീവിതത്തിൻ്റെ അർത്ഥമെന്ന് അദ്ദേഹം പറയുന്നു.

സിലൊ ‘യൂനിവേർസൽ ഹ്യൂമനിസമെന്ന ‘ ഒരു തത്വചിന്ത രൂപപ്പെടുത്തുകയും അതിൻ്റെ അടിസ്ഥാനത്തിൽ ഹ്യൂമനിസ്റ്റ് മൂവ്മെൻ്റ് എന്ന നവമാനവിക പ്രസ്ഥാനത്തിന് തുടക്കം കുറിക്കുകയും ചെയ്തിട്ടുണ്ട്.
ഭൂമിയുടെ മാനവികരണം (To Humanize the Earth) എന്ന കൃതി www.silo.net ൽ ലഭ്യമാണ്.